Wednesday 28 November 2012

ഈജിപ്ത്: പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ സയണിസ്റ്റ് അനുകൂലികള്‍

    ഈജിപ്തില്‍ പ്രസിഡന്റ് മുര്‍സിക്ക് എതിരെ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളുടെ പിന്നില്‍ സയണിസ്റ്റ് അനുകൂലികളാണെന്ന് റിപ്പോര്‍ട്ട്. മുര്‍സിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോള്‍ കാര്യമായി നേതൃത്വം നല്‍കുന്നത് മുന്‍ അറബ് ലീഗ് സെക്രട്ടറി അംറ് മൂസയും സംഘവുമാണ്. ഗസ്സാ അക്രമണത്തിന് മുമ്പ് അംറ് മൂസ മൊസാദ് ചാരയും ഇസ്രഈല്‍ മുന്‍വിദേശകാര്യ മന്ത്രിയുമായ സിപ്പി ലിവ്‌നിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍
പുറത്തു വന്നിരിക്കുന്നത്. ഇസ്രഈല്‍ ഗസ്സാ അക്രമം തുടങ്ങുന്നതിന്റെ ദിവസങ്ങള്‍ക്ക് മാത്രം മുമ്പ് റാമല്ലയില്‍ വെച്ചാണ് അംറ് മൂസയും ലിവ്‌നിയും കൂടിക്കാഴ്ച നടത്തിയത്.

ഗസ്സയില്‍ അക്രമം നടക്കുമ്പോള്‍ ഫലസ്തീനികള്‍ക്ക് പ്രധാനമായും സഹായം ലഭിക്കാന്‍ സാധ്യതയുള്ളത് ഈജിപ്തില്‍നിന്നാണെന്ന് സയണിസ്റ്റുകള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ ഈജിപ്ത് പ്രസിഡന്റ് മുര്‍സിയെ പ്രശ്‌നത്തില്‍ ഇടപെടുന്നതില്‍ നിന്ന് തടയുന്ന തരത്തില്‍ രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനാണ് ലിവ്‌നി അംറ് മൂസയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ശക്തമായ ജനകീയ അടിത്തറയുള്ള മുര്‍സി സര്‍ക്കാറിനെതിരെ ജനങ്ങളെ പെട്ടെന്ന് തെരുവിലിറക്കാന്‍ അംറ് മൂസക്കും സംഘത്തിനും സാധിച്ചില്ല. സയണിസ്റ്റുകളുടെ ഈ പദ്ധതിയാണ് ഇപ്പോള്‍ ഈജിപ്തില്‍ നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. 

മുര്‍സിക്കെതിരെ തെരുവിലിറങ്ങി പ്രതിഷേധങ്ങള്‍ നടത്തുന്നത് പ്രധാനമായും രണ്ട് വിഭാഗങ്ങളാണ്. മുര്‍സിയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കപ്പെടുകയാണെങ്കില്‍ നിയമത്തിന് മുമ്പില്‍ കുറ്റക്കാരായിത്തീരുന്ന വിഭാഗമാണ് ഒരു കൂട്ടര്‍. അവര്‍ മുബാറക് അനുകൂലികളാണ്. മുബാറക്കിന്റെ ഭരണകാലത്ത ഗുരുതരമായ കുറ്റങ്ങള്‍ ചെയ്തവരുമാണവര്‍. വിപ്ലവകാരികള്‍കെതിരെ വെടിവെക്കാന്‍ ഉത്തരവിട്ടവരും അതിനെതിരെ പ്രവര്‍ത്തിച്ചവരുമാണവര്‍. മുന്‍സര്‍ക്കാറില്‍ മുഖ്യ റോളുകള്‍ വഹിച്ചിരുന്ന അബുല്‍ ഇസ്സില്‍ ഹരീരിയും മറ്റ് സൈനിക നേതാക്കളും ഈ വിഭാഗത്തിലാണ് ഉള്‍പെടുക. അബൂ ഇസ്സില്‍ ഹരീരിയാണ് മുര്‍സിയുടെ പാര്‍ട്ടി ഓഫീസുകള്‍ കത്തിക്കാന്‍ ആഹ്വാനം ചെയ്തത്. ഇവര്‍ സയണിസ്റ്റുകളുമായി സ്ഥിരമായി ബന്ധം പുലര്‍ത്തുന്നവരാണ്. അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും തുടക്കം മുതലേ ജൂതന്മാര്‍ നല്‍കിപ്പോരുന്നുണ്ട്. 

മുര്‍സിക്കെതിരെ പ്രവര്‍ത്തിക്കുന്ന മറ്റൊരു വിഭാഗം വിപ്ലവത്തിന്റെ അരികുപറ്റിനിന്ന് അധികാരത്തില്‍ നോട്ടമിട്ടിരുന്ന ചിലരാണ്. മുര്‍സിക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട ഇവര്‍ പിന്നീട് സര്‍ക്കാറിനെതിരെ രഹസ്യപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു അവസരം കിട്ടിയപ്പോള്‍ ഇവര്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുകയാണ്. അംറ് മൂസയും ബറാദഗിയും ഹംദ് സ്വലാഹിയും ഇപ്രകാരമാണ് മുര്‍സി വിരുദ്ധ മുന്നണിയിലെത്തിയത്. ഇവരെ രംഗത്തിറക്കാന്‍ അണിയറയില്‍ കളിച്ചത് സയണിസ്റ്റുകളായിരുന്നു. ഇപ്പോള്‍ മുര്‍സി വിരുദ്ധ പ്രചരണങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങളും നല്‍കുന്നത് ജൂതരാണ്.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ കേട്ടാല്‍ അവരുടെ യഥാര്‍ഥ പ്രശ്‌നം മനസ്സിലാക്കാനാവും. കഴിഞ്ഞ പ്രസിഡന്റ് തെരെഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അബൂ ഇസ്മാഈല്‍ പറഞ്ഞത് ലോകം കണ്ട ഏറ്റവും വലിയ സ്വേച്ചാധികാരിയാണ് മുര്‍സി എന്നാണ്. മറ്റൊരു പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ബറാദഗി മുര്‍സിയെ ആധുനിക ഫറോവ എന്നാണ് വിശേഷിപ്പിച്ചത്. 

ഈജിപ്തിനെ അഭ്യന്തര കലാപത്തിലേക്ക് നയിക്കാന്‍ സയണിസ്റ്റുകള്‍ ഈജിപ്തിലെ തല്‍പരകക്ഷികളുടെ സഹായത്തോടെ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ മനസ്സിലാക്കാനാവുന്നത്. ഈ സംശയം ദൃഢപ്പെടുത്തുന്ന തരത്തിലാണ് സയണിസ്റ്റ് വിദഗ്ദന്‍ പിന്‍ഹാസ് അന്‍ബാര കഴിഞ്ഞ ദിവസം 'റഷ്യ റ്റുഡെ'ക്ക് നല്‍കിയ അഭിമുഖത്തിലുള്ള വെളിപ്പെടുത്തലുകള്‍. ഞങ്ങള്‍ ഗസ്സയില്‍ വിജയം വരിക്കുന്നതിന് മുമ്പ് മുര്‍സി അത് പരാജയപ്പെടുത്തിയിരിക്കുകയാണ്. ഞങ്ങള്‍ മുര്‍സിയെ അതില്‍ നിന്ന് തടയാന്‍ അഭ്യന്തര ശക്തികളെ ഉപയോഗപ്പെടുത്തി ചില നീക്കങ്ങള്‍ നടത്തിയിരുന്നു. അത് പരാജയപ്പെട്ടു. പക്ഷെ മുര്‍സിയെ സ്വതന്ത്ര്യമായി വിടാന്‍ ഞങ്ങള്‍ സന്നദ്ധരല്ല. ഈജിപ്തിന്റെ അഭ്യന്തര രാഷ്ട്രീയ സാമ്പത്തിക വിഷയങ്ങളില്‍ ഞങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അദ്ദേഹം പറഞ്ഞു.

മുര്‍സിയുടെ താല്‍കാലിക ഭരണഘടനാ പ്രഖ്യാപനത്തില്‍ പ്രസിഡന്റിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നുണ്ടെന്ന് ആരോപിച്ച് ഈജിപ്തില്‍ ജനങ്ങളെ തെരുവിലിറക്കുന്നവര്‍ക്ക് ദുരുദ്ദേശങ്ങളാണുള്ളതെന്ന് വ്യക്തമാണ്. കാരണം അടുത്ത തെരെഞ്ഞെടുപ്പ് വരെ മാത്രമാണ് ഈ അവകാശങ്ങള്‍ നല്‍കിയിരിക്കുന്നത്. മാത്രമല്ല ഈജിപ്തിലെ ജനാധിപത്യം അപഹരിക്കില്ലെന്ന് മുര്‍സി ഉറപ്പ് നല്‍കിയിട്ടുണ്ട്.

ഈജിപ്തില്‍ ഇപ്പോള്‍ ഉണ്ടായ സാഹചര്യങ്ങള്‍ മുതലെടുത്ത് അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ പാശ്ചാത്യന്‍ ശക്തികളും ശ്രമിക്കുന്നുണ്ട്. അധികാരം കേന്ദ്രീകരിക്കപ്പെടുന്നതിനെതിരെയായിരുന്ന ഈജിപ്തില്‍ വിപ്ലവം നടന്നത്. എന്നാല്‍ ഇപ്പോള്‍ ഈജിപ്തില്‍ എല്ലാ അധികാരങ്ങളും ഒരാളുടെ കീഴില്‍ തന്നെ കേന്ദ്രീകരിക്കപ്പെട്ടിരിക്കുകയാണെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് വിക്ടോറിയ നോളണ്ട് പറഞ്ഞു. സമാധാനപരമായ മാര്‍ഗത്തിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അഭ്യന്തര കാര്യങ്ങളില്‍ ഇടപെടാനാണ് പാശ്ചാത്യ ശക്തികള്‍ ശ്രമിക്കുന്നത്. ഫ്രാന്‍സും യൂറോപ്യന്‍ യൂണിയനും സമാന രീതിയിലാണ് ഈജിപ്ഷ്യന്‍ പ്രശ്‌നത്തോട് പ്രതികരിച്ചിരിക്കുന്നത്.

മുര്‍സിയുടെ പ്രഖ്യാപനത്തെ രാജ്യത്തെ പണ്ഡിതന്മാരും ഇസ്‌ലാമിസ്റ്റുകളും സ്വാഗതം ചെയ്യുകയാണ് ചെയ്തത്. രാജ്യത്തെ ജനാധിപത്യം നിലനിര്‍ത്തുന്നതിനും രാഷ്ട്രീയവും സാമ്പത്തികവുമായ സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഈ നടപടികള്‍ അനിവാര്യമാണെന്നാണ് നിഷ്പക്ഷരായ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. കാരണം രാജ്യത്ത് തെരെഞ്ഞെടുപ്പ് നടക്കുന്നതുവരെയും പുതിയ ഭരണഘടന നിലവില്‍ വരുന്നത് വരെയും കാര്യങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ട് പോകണമെങ്കില്‍ പ്രസിഡന്റിന് അധികാരങ്ങള്‍ കൂടുതല്‍ നല്‍കേണ്ടതുണ്ട്. 

ഫറാജ് ഇസ്മാഈലിനെ പോലുള്ള അറബ് പത്രപ്രവര്‍ത്തകര്‍ മുര്‍സിക്ക് പിന്തുണ പ്രഖ്യാപിച്ച് കോളങ്ങളെഴുതിയിട്ടുണ്ട്. മുര്‍സിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ വലിയ നേട്ടങ്ങളുണ്ടെന്നാണ് ഫറാജ് തന്റെ കോളത്തില്‍ പറഞ്ഞത്. രാജ്യത്ത് ഭരിക്കുന്ന പാര്‍ട്ടിയുടെ പാര്‍ട്ടി ഓഫീസുകള്‍ കത്തിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്കും കുട്ടികള്‍ക്കുമെതിരെ അക്രമങ്ങള്‍ നടത്തികൊണ്ടുമാണ് ശഫീഖിന്റെ അനുയായികള്‍ രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുന്നത്. അതിനെതിരെ ശക്തമായ നിലപാടുകളെടുക്കണമെന്നുമാണ് ഫറാജ് ആവശ്യപ്പെട്ടത്.